MAR BASELIOS MAR GREGORIOS ORTHODOX SYRIAN CHURCH
Sreekariyam, Trivandrum - 17
Latest News

No Recent News

OVBS-2026 ആവേശകരമായി സമാപിച്ചു

Uploaded on April 21, 2026

ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചില്‍ 2026 ഏപ്രില്‍ 6 മുതല്‍ 12 വരെ നടന്ന ഈ വര്‍ഷത്തെ OVBS (Orthodox Vacation Bible School) ആത്മീയ ചൈതന്യത്തോടെയും വലിയ ജനപങ്കാളിത്തത്തോടെയും സമാപിച്ചു. ഏപ്രില്‍ 6-ന് ഇടവക വികാരി ബഹുമാനപ്പെട്ട ജോര്‍ജ് വര്‍ഗീസ് (മനോജച്ചന്‍) ഒവിബിഎസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തകര്‍, മാതാപിതാക്കള്‍, കുഞ്ഞുങ്ങള്‍ എന്നിവര്‍ സാന്നിധ്യം വഹിച്ചു. ഒരാഴ്ച നീണ്ടുനിന്ന ക്ലാസുകളില്‍ ഗാന പരിശീലനം, ആത്മീയ പാഠങ്ങള്‍, വിവിധ ആക്ടിവിറ്റികള്‍, ഗ്രൂപ്പ് പ്രോഗ്രാമുകള്‍ എന്നിവ കുട്ടികള്‍ക്കായി ക്രമീകരിച്ചിരുന്നു. കുട്ടികള്‍ക്ക് ഊര്‍ജ്ജസ്വലരായി ഇരിക്കുന്നതിനായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ലഘുഭക്ഷണങ്ങളും ഉച്ചയ്ക്ക് സമൃദ്ധമായ ഭക്ഷണവും നല്‍കി.

മുന്‍ വര്‍ഷങ്ങളില്‍ പോലെ തന്നെ, ഓരോ ദിവസവും നീല, ചുവപ്പ്, പച്ച, മഞ്ഞ, വെള്ള എന്നിങ്ങനെ പ്രത്യേക ഡ്രസ്സ് കോഡുകള്‍ നിശ്ചയിച്ചത് ഈ വര്‍ഷത്തെ OVBS-നെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. ഓരോ ദിനവും കേക്ക് ഡേ, കുക്കി ഡേ, ലവ് ഫീസ്റ്റ് ഡേ, ഫ്രൂട്ട്‌സ് ഡേ, മഫിന്‍ ഡേ, എഗ്ഗ് ഡേ എന്നിങ്ങനെ വ്യത്യസ്തമായ തീമുകളോടെ ആഘോഷിച്ചു. ഏപ്രില്‍ 10 വെള്ളിയാഴ്ച തിരുവനന്തപുരം 'ഗോഗോ ലാന്‍ഡിലേക്ക്' നടത്തിയ വിനോദയാത്ര കുട്ടികള്‍ക്ക് വലിയ ആവേശമായി മാറി. ഏപ്രില്‍ 12 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട വികാരിയച്ചന്‍ ഉദ്ഘാടനം ചെയ്തു. വെള്ള വസ്ത്രം ധരിച്ചെത്തിയ കുട്ടികള്‍ അണിനിരന്ന റാലിയും തുടര്‍ന്ന് നടന്ന ചടങ്ങും ശ്രദ്ധേയമായിരുന്നു. സണ്‍ഡേ സ്‌കൂള്‍ ഡിസ്ട്രിക്ട് ഇന്‍സ്‌പെക്ടര്‍ ബഹു. അലക്‌സ് ടി. ജേക്കബ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

എല്ലാവരുടെയും കഠിനാധ്വാനവും സമര്‍പ്പണവും മികച്ച ക്രമീകരണവുമാണ് ഈ പരിപാടിയുടെ വിജയത്തിന് പിന്നില്‍. എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട ജോര്‍ജ് വര്‍ഗീസ് അച്ചനോടും കുടുംബത്തോടും, OVBS അധ്യാപകരോടും, സാമ്പത്തികമായി സഹായിച്ച എല്ലാ പ്രിയപ്പെട്ടവരോടും, സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തകര്‍, യൂത്ത് അംഗങ്ങള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഫുഡ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഈ OVBS-ല്‍ പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഈ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോ ഹൈലൈറ്റുകളും കാണുന്നതിനായി വെബ്‌സൈറ്റിലെ ഗാലറി (Gallery) സെക്ഷന്‍ സന്ദര്‍ശിക്കാവുന്നതാണ്.

Back to News